BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Thursday 4 July 2013

സംസാരിക്കുന്ന റോബോട്ട് ബഹിരാകാശത്തേയ്ക്ക്‌

സ്‌പേസ് യാത്രികര്‍ക്ക് കൂട്ടായി ഒരു പുതിയ കക്ഷി കൂടി ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷനിലെത്തുന്നു. പേര് കിരോബോ. ആളുടെ വരവ് ജപ്പാനില്‍നിന്നും. ഈ പുതിയ ബഹിരാകാശയാത്രികന് വെറും ഒരു കിലോയോളം മാത്രമേ ഭാരമുള്ളൂ...! ഇതാരാണീ പുതിയ അവതാരം എന്നാണോ ചിന്തിക്കുന്നത്?
എന്നാല്‍ കേട്ടോളൂ. ആളൊരു കുഞ്ഞന്‍ റോബോട്ടാണ്. പക്ഷേ ചില്ലറക്കാരനല്ല. ബഹിരാകാശസ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരോട് സംസാരിക്കാന്‍ കഴിവുള്ള റോബോട്ടാണിവന്‍. ഇത്തരത്തിലുള്ള ലോകത്തിലെ  ആദ്യത്തെ റോബോട്ട്. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷന്റെ കമാന്‍ഡറായി നവംബര്‍ മാസത്തില്‍ ചുമതലയേല്‍ക്കുന്ന കോയുചി വകാതയുടെ അസിസ്റ്റന്റായി കിരോബോയും സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കും. പക്ഷേ കിരോബോ നേരത്തെ ആഗസ്റ്റില്‍ അവിടെയെത്തും, മനുഷ്യരാരുമില്ലാത്ത ഒരു റോക്കറ്റില്‍.
ടോക്കിയോ യൂണിവേഴ്‌സിറ്റിയുടെ റിസര്‍ച്ച് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് & ടെക്‌നോളജിയും ടയോട്ട മോട്ടോര്‍ കോര്‍പറേഷനും 'ജാക്‌സ' എന്ന ജപ്പാന്‍ ഏറോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയും സംയുക്തമായാണ് കിരോബോയെ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ടോക്കിയോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ടൊമോടാക തകാഹാഷി (ഇടത്ത്) ടൊയോട്ട മോട്ടോര്‍
കോര്‍പറേഷനിലെ ഫുമിനോരി കതാവോക എന്നിവര്‍ കിരോബോയുമായി.
കിരോബോയ്ക്ക് നിരവധി സവിശേഷ കഴിവുകളുണ്ടത്രേ. അതിലേറ്റവും പ്രധാനം അതിന് മനുഷ്യനുമായി സ്വാഭാവികമായ രീതിയില്‍ ആശയവിനിമയം ചെയ്യുവാന്‍ സാധിക്കുമെന്നതാണ്. സ്‌പേസ് സ്‌റ്റേഷനിലെ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ കമാന്‍ഡര്‍ വകാതയെ സഹായിക്കുകയായിരിക്കും ഈ കുഞ്ഞന്റെ ധര്‍മ്മം.
മനുഷ്യനും റോബോട്ടും തമ്മില്‍ എത്രമാത്രം ഫലപ്രദമായി ഇടപഴകാം എന്നതിന്റെ പരീക്ഷണം കൂടിയാവും സ്‌പേസ്‌സ്‌റ്റേഷനില്‍ നടക്കുക. 'പ്രതീക്ഷ' എന്നര്‍ത്ഥം വരുന്ന 'കിബോ' എന്ന ജപ്പാനീസ് വാക്കില്‍നിന്നുമാണ് ഇത്തിരിക്കുഞ്ഞന്റെ പേര് കടം കൊണ്ടിരിക്കുന്നത്. ജപ്പാന്‍കാര്‍ എന്തായാലും കിരോബോയില്‍ ഒത്തിരി പ്രതീക്ഷ വയ്ക്കുന്നുണ്ട് എന്നര്‍ത്ഥം.

കമ്പ്യൂട്ടര്‍ മൗസിന്റെ പിതാവ് ഓര്‍മ്മയായി

കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച മൗസ് എന്ന ഉപകരണം വികസിപ്പിച്ച ഡഗ്ലസ് സി. ഏംഗല്‍ബര്‍ട്ട് അന്തരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സ്വവസതിയില്‍ വച്ചായിരുന്നു 88 കാരനായ ഈ യുഗപ്രഭാവന്റെ അന്ത്യം.

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കന്‍ നേവിയില്‍ ഇലക്‌ട്രോണിക് റഡാര്‍ ടെക്‌നീഷ്യനായി ജോലിചെയ്ത ഏംഗല്‍ബര്‍ട്ട് 1950കളുടെ അവസാനത്തോടെ സ്റ്റാന്‍ഫോര്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. ഇവിടെവച്ചാണ് ആദ്യകാല ഗ്രാഫിക്കല്‍ യൂസര്‍ സാങ്കേതികവിദ്യയുടെ   വികസനത്തില്‍ പങ്കാളിയാകുന്നതും തുടര്‍ന്ന് മൗസിന്റെ കണ്ടുപിടിത്തത്തിലേക്ക് എത്തുന്നതും. 1963ല്‍ തന്നെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ പേയിന്റ് ചെയ്യാവുന്ന ഒരുപകരണം ഇദ്ദേഹം വികസിപ്പിച്ചൂ. എന്നാല്‍ 1967 ജൂണ്‍ 21നാണ് ഏംഗല്‍ബര്‍ട്ട് മൗസിന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റിന് അപേക്ഷിച്ചത്. 1970ല്‍ പേറ്റന്റും നേടി. ആദ്യത്തെ മൗസിന് ഒരു ബട്ടണ്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് മൂന്ന് ബട്ടണുകളുമുള്ള രൂപമായി.

1983ല്‍ ആപ്പിള്‍ കമ്പ്യൂട്ടര്‍ കമ്പനിയുടെ 'ലിസ' എന്നു പേരിട്ട പേഴ്‌സണല്‍ കമ്പ്യൂട്ടറിനൊപ്പം ഉപയോഗിച്ചുതുടങ്ങിയതോടെയാണ് മൗസ് പ്രസിദ്ധിയിലേക്കുയര്‍ന്നത്.
ഇതിനൊക്കെ പുറമെ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ നിരവധി മേഖലകളില്‍ ഏംഗല്‍ബര്‍ട്ടിന്റെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് നിസ്തുലമായ പല നേട്ടങ്ങളും ഇദ്ദേഹത്തിന് അവകാശപ്പെടാനുണ്ട്. ഇന്റര്‍നെറ്റിന്റെ ആദ്യ രൂപമായ ARPANET എന്ന കമ്പ്യൂട്ടര്‍ ശൃംഖലയുടെ വികസനത്തില്‍ ഏംഗല്‍ബര്‍ട്ട് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1968ല്‍ ആദ്യമായി വീഡിയോ ടെലികോണ്‍ഫെറന്‍സിംഗ് അവതരിപ്പിച്ചതും മറ്റാരുമല്ല. ഇന്റര്‍നെറ്റ് പേജുകളിലും മറ്റും ഉപയോഗപ്പെടുത്തുന്ന ഹൈപ്പര്‍ടെക്‌സ്റ്റിന്റെ തലതൊട്ടപ്പന്‍ ഈ പ്രതിഭാശാലിയാണ്! ഇന്ന് നാം ഉപയോഗിക്കുന്ന വേഡ് പ്രോസസിംഗ് പായ്‌ക്കേജുകളുടെ വികസനത്തിന് വഴിമരുന്നായതും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ.

ഇന്ററാക്ടീവ് കമ്പ്യൂട്ടിംഗ് രംഗത്തെ സേവനങ്ങള്‍ മാനിച്ച് 1997ല്‍ ഇദ്ദേഹത്തിന് ലോകപ്രശസ്തമായ ടൂറിംഗ് അവാര്‍ഡ് നല്‍കുകയുണ്ടായി. അമേരിക്കയിലെ ഒറിഗണിലുള്ള പോര്‍ട്‌ലന്റ് എന്ന സ്ഥലത്ത് 1925 ജനുവരി 30നാണ് ഏംഗല്‍ബര്‍ട്ട് ജനിച്ചത്.


Tuesday 2 July 2013

ബഹിരാകാശം വാഴാന്‍ ഇന്ത്യയും...!

ഐആര്‍എന്‍എസ്എസ് 1എ എന്ന ഗതിനിര്‍ണയ ഉപഗ്രഹം കിറുകൃത്യമായി വിക്ഷേപിച്ചതോടെ ബഹിരാകാശ വന്‍ശക്തികളുടെ കൂട്ടത്തില്‍ നമ്മുടെ രാജ്യം സ്വന്തം സ്ഥാനം അരക്കിട്ടുറപ്പിച്ചു. 2013 ജൂലൈ 1-ാം തീയതി അര്‍ധരാത്രിയാണ് പി എസ് എല്‍ വി സി 22 വിക്ഷേപണവാഹനത്തില്‍ ഘടിപ്പിച്ച ഉപഗ്രഹം സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്നത്. പി എസ് എല്‍ വി ശ്രേണിയില്‍പെട്ട വിക്ഷേപണ വാഹനമുപയോഗിച്ചുള്ള ഇരുപത്തിനാലാമത്തെ വിക്ഷേപണമായിരുന്നു ഇത്. അര്‍ധരാത്രി നടത്തുന്ന ആദ്യ വിക്ഷേപണവും! ഇരുപത്തിമൂന്ന് വിക്ഷേപണങ്ങളും വിജയമായിരുന്നു.

ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം എന്ന ശ്രേണിയിലെ ആദ്യത്തെ ഉപഗ്രമാണ് ഇപ്പോള്‍ വിജയകരമായി വിക്ഷേപിക്കപ്പെട്ടത്. ആകെ ഏഴ് ഉപഗ്രഹങ്ങളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. രാജ്യത്തിനുള്ളിലും 1500 കിലോമീറ്റര്‍ ചുറ്റളവിലും കര നാവിക വ്യോമ മേഖലകളിലെ ഗതിനിര്‍ണ്ണയത്തിന് ഉപഗ്രഹം സഹായിക്കും.

ദുരന്തനിവാരണപ്രവര്‍ത്തനങ്ങളിലും ഭൂപടനിര്‍മ്മാണത്തിലും നാവികസേനാ വിന്യാസത്തിലും കരമാര്‍ഗ്ഗമുള്ള ഗതിനിര്‍ണ്ണയത്തിലും മൊബൈല്‍ ഫോണ്‍ വഴിയുള്ള വിവരകൈമാറ്റത്തിനും കടല്‍ വ്യേമസഞ്ചാരമേഖലകളിലും  ഈ ഉപഗ്രഹം വലിയ നേട്ടങ്ങള്‍ക്ക് വഴിതുറക്കും. നിലവിലുള്ള സംവിധാനങ്ങളേക്കാള്‍ ഇരുപത് മടങ്ങ് കൃത്യതയുണ്ടാവുമത്രേ ഇതിന്.
കര്‍ണാടകയിലെ രാമനഗരം ജില്ലയിലെ ബ്യാലലു ഗ്രാമത്തില്‍ സ്ഥാപിച്ചിട്ടുുള്ള ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് സെന്റര്‍ ആണ് ഉപഗ്രഹത്തെ നിയന്ത്രിക്കുക.
നിലവില്‍ അമേരിക്ക, റഷ്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കുമാത്രമാണ് ഇത്തരം ഗതിനിര്‍ണ്ണയ ഉപഗ്രഹങ്ങളുള്ളൂ. യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യ വികസിപ്പിക്കുവാനുള്ള പരിശ്രമങ്ങള്‍ തുടരുന്നതേയുള്ളൂ.

Top News

Labour India