BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Monday 1 April 2013

പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ ഓര്‍മയായി

പേരെടുത്ത അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ (കെ.രാമവര്‍മ്മ തിരുമുല്പാട് ) അന്തരിച്ചു. 87 വയസ്സായിരുന്നു. 
1926 ഡിസംബര്‍ 10ന് കിടങ്ങൂര്‍ വടവാമനയില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും അമ്പലപ്പുഴ പുതിയ കോവിലകത്ത് അംബിക അമ്മയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു വിദ്യാഭ്യാസം. ആലുവ യു.സി., കോട്ടയം സി.എം.എസ്. കോളേജുകളില്‍ അധ്യാപകനായിരുന്നു. 1952-ല്‍ സി.എം.എസ്. മലയാളവിഭാഗത്തില്‍ നിയമിതനായ രാമവര്‍മ്മ, 1960 മുതല്‍ 26 വര്‍ഷം വകുപ്പുതലവനായിരുന്നു. പിന്നീട് സംസ്‌കൃത സര്‍വകലാശാല ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ഡയറക്ടറായും അധ്യാപകനായും സേവനമനുഷ്ഠിച്ചു. 
കേരള കലാമണ്ഡലം നിര്‍വ്വാഹകസമിതി, കേരള സാഹിത്യ അക്കാദമി, കേരള സാംസ്‌കാരികവകുപ്പ് പ്രസിദ്ധീകരണവിഭാഗം എന്നിവയില്‍ അംഗമായും കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സമിതി എക്‌സിക്യൂട്ടീവ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 
കേരള, എം.ജി., കാലിക്കറ്റ് സര്‍വകലാശാലകളില്‍ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍, മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 
ഉപന്യാസം, ബാലസാഹിത്യം, ആസ്വാദനം, ആദ്ധ്യാത്മികം, വൈജ്ഞാനികം, കവിത, പഠനം, വിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍  ശ്രദ്ധേയമായ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. കേരളീയകലകളോട് പ്രത്യേകിച്ചും കഥകളിയോട് ഏറെ ആഭിമുഖ്യം പുലര്‍ത്തി. കഥകളിനിരൂപണം, സാഹിതീസൗരഭം, കവിപൂജയും കാവ്യാസ്വാദനവും, കവിതാ കൗതുകം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 
എം.കെ.കെ. നായര്‍ അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം, ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് പുരസ്‌കാരം, എസ്. ഗുപ്തന്‍നായര്‍ പുരസ്‌കാരം, കമലദളം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 
പരേതയായ, കായംകുളം കൃഷ്ണപുരം കുറ്റിയില്‍ കോവിലകത്ത് സതീഭായിയാണ് ഭാര്യ. മക്കള്‍: പരേതയായ ഗീത, രമണി, ശ്രീകുമാര്‍, മധുകുമാര്‍. 

Top News

Labour India