BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday 28 December 2013

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരമേറ്റു

അഴിമതിവിരുദ്ധ സദ്ഭാവന സന്ദേശവുമായി ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഡല്‍ഹിയിലെ ഏഴാമത്തെ മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാളും കൂടെ ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.


ആഡംബപൂര്‍ണമായ മന്ത്രിമന്ദിരങ്ങളും അകമ്പടിയുമൊന്നും തനിക്ക് വേണ്ടെന്ന് കേജ്‌രിവാള്‍ നേരത്തെതന്നെ നിലപാടെടുത്തിട്ടുണ്ട്. സത്യപ്രതിജ്ഞയ്‌ക്കെത്തിയതാകട്ടെ മെട്രോ ട്രെയിനിലും. ജനം വലിയ പ്രതീക്ഷയിലാണ്. രാജ്യം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ മാതൃകകള്‍ കുറെയെങ്കിലും അനുകരിക്കേണ്ടിവരും എന്നത് ശുഭോദര്‍ക്കമാണ്. എന്നാല്‍ അമിതപ്രതീക്ഷകള്‍ എങ്ങുമെത്താതെ പോയാല്‍ നിരാശ കനത്തതാവുമെന്നത് കേജ്‌രിവാളിനും സംഘത്തിനും അറിയാതിരിക്കാന്‍ വഴിയില്ല.

ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍

മുന്‍ എംഎല്‍എ റോസമ്മ പുന്നൂസ് അന്തരിച്ചു

കാഞ്ഞിരപ്പിള്ളിയില്‍നിന്നും കേരളത്തിന്റെ രാഷ്ട്രീയ നഭസ്സില്‍ ഉദിച്ച താരം പൊലിഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായ റോസമ്മ പുന്നൂസ് നൂറാം വയസ്സില്‍ അന്തരിച്ചപ്പോള്‍ മറഞ്ഞത് ചരിത്രത്തിന്റെ സംഭവബഹുലമായ ഒരേട് കൂടിയാണ്.


കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്ന കാഞ്ഞിരപ്പിള്ളിയിലെ കരിപ്പാപ്പറമ്പില്‍ കുടുംബത്തില്‍ ജനിച്ച റോസമ്മ അവിടെനിന്നും നിയമസഭ കണ്ട ഏക കമ്മ്യൂണിസ്റ്റുമായിരുന്നു. സമാനതകളില്ലാത്ത നിരവധി വിശേഷണങ്ങള്‍ക്കര്‍ഹയാണ് ഈ മഹതി. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ പ്രോ ടേം സ്പീക്കര്‍, ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ വിജയി എന്നു തുടങ്ങി കോടതിവിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ടയാള്‍ എന്നതു വരെ റോസമ്മ പുന്നൂസിന് മാത്രം അവകാശപ്പെടാവുന്ന പ്രതേകതകള്‍ നിരവധിയാണ്. 1957ലെ തെരഞ്ഞെടുപ്പില്‍ ദേവികുളത്തുനിന്ന് റോസമ്മ നിയമസഭയിലേക്ക് വിജയിച്ചപ്പോള്‍ ഭര്‍ത്താവും സിപിഐ നേതാവുമായിരുന്ന പി. ടി. പുന്നൂസ് ആലപുഴയില്‍നിന്ന് ലോക്‌സഭയിലേക്കും ജയിച്ചു. കേരളത്തിലാദ്യമായി നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒരേസമയം ജയിച്ച ദമ്പതികള്‍ എന്ന നിലയില്‍ ഇതും റെക്കോഡാണ്.
മരണസമയത്ത് ഒമാനിലായിരുന്നു.

Wednesday 25 December 2013

കലാഷ്‌നിക്കോവിന്റെ ഹൃദയം നിലച്ചു

AK-47 എന്നു കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. ലോകത്തെ ഇത്രയധികം ഭയപ്പെടുത്തുന്ന ഒരായുധം വേറെയുണ്ടോ എന്ന് സംശയമാണ്. വിനാശകാരിയായ ആ തോക്കിന്റെ ഉപജ്ഞാതാവ് റഷ്യക്കാരനായ മിഖായില്‍ കലാഷ്‌നിക്കോവ് അന്തരിച്ചു. 94 വയസ്സായിരുന്നു.


മിഖായില്‍ തിമോഫെയേവിച്ച് കലാഷ്‌നിക്കോവ് 1919 നവംബര്‍ 10ന് പടിഞ്ഞാറന്‍ സൈബീരിയയില്‍ ജനിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് സോവിയറ്റ് റെഡ് ആര്‍മിയില്‍ ടാങ്ക് കമാന്‍ഡറായി ജോലി ചെയ്തു. അക്കാലത്ത് ഒരു അപകടത്തില്‍ പരിക്ക് പറ്റിയതിനേത്തുടര്‍ന്ന് ആയുധങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്യാനാരംഭിച്ചു. അന്ന് ജര്‍മ്മന്‍ പടയുടെ കൈവശമുണ്ടായിരുന്ന തോക്കുകളേക്കാള്‍ മികച്ച തോക്കുകളുണ്ടാക്കാനായിരുന്നു കലാഷ്‌നിക്കോവിന്റെ ശ്രമം. നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവില്‍ 1947ല്‍ ലളിതവും എന്നാല്‍ അത്യന്തം മാരകവുമായ ഒരു തോക്ക് അദ്ദേഹം വികസിപ്പിച്ചു. AK-47 എന്നു പേരിട്ട ആ തോക്ക് താമസിയാതെ സോവിയറ്റ് പടയുടെ വജ്രായുധമായി. ഓട്ടോമാറ്റിക് കലാഷ്‌നിക്കോവ് (Automatic Kalashnikov) എന്നതിന്റെ ചുരുക്കരൂപമാണ് AK. 47 എന്നത് വികസിപ്പിച്ച വര്‍ഷത്തെ സൂചിപ്പിക്കുന്നു.


ഇന്ന് വിവിധ ലോക രാഷ്ട്രങ്ങളുടെ സായുധവിഭാഗം ഈ മാരകായുധം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവയുടെ ആകെ എണ്ണം ഏതാണ്ട് 10 കോടി വരുമത്രേ! ഇത് ഗിന്നസ് ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിലും ഇടം പിടിച്ചിട്ടുണ്ട്.
എന്നാല്‍, AK47 ലോകമെമ്പാടും വിധ്വസംകരുടെയും തീവ്രവാദികളുടെയും പ്രധാന ആയുധമാവുകയും നിഷ്‌കളങ്കരായ നിരവധി  സാധാരണക്കാരുടെ കൂട്ടക്കൊലയ്ക്ക് കാരണമാവുകയും ചെയുന്നതില്‍ നിരാശനും ഖിന്നനുമായിരുന്നു കലാഷ്‌നിക്കോവ്.

ചില AK-47 വിശേഷങ്ങള്‍!


  • ഉപയോഗിക്കാനെളുപ്പവും ഏതു സാഹചര്യത്തിലും പ്രശ്‌നരഹിതമായ പ്രവര്‍ത്തനവും താരതമ്യേന വിലക്കുറവുമാണ് AK-47നെ ലോകത്ത് ഇത്രയധികം പ്രശസ്തമാക്കിയത്. 12000 രൂപയ്ക്കുമുകളില്‍ ലഭിക്കുന്ന മോഡലുകളുണ്ട്.
  • മൊസാംബിക് എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ പതാകയില്‍ AK-47ന്റെ ചിത്രം പതിച്ചിട്ടുണ്ട്. സിംബാബ്‌വേ, കിഴക്കന്‍ ടിമൂര്‍ തുടങ്ങിയ രാജ്യങ്ങളുടെ ഔദ്യോഗിക മിലിട്ടറി മുദ്രകളിലും ( coats of arms ) ഇതിന് സ്ഥാനം ലഭിച്ചിട്ടുണ്ട്. 

  • ഈജിപ്റ്റും ഇസ്രയേലും തമ്മില്‍ 1973ല്‍ നടന്ന യുദ്ധത്തിന്റെ (The Battle of Ismailia) ഓര്‍മ്മയ്ക്കായി സീയുസ് കനാലിന്റെ തീരത്ത് പണിതുയര്‍ത്തിയിട്ടുള്ള കൂറ്റന്‍ സ്മാരകത്തിലും AK-47ന്റെ ബാരലും ബയണറ്റും കാണാം.

  • അമേരിക്കയുടെ ഇറാക്ക് അധിനിവേശക്കാലത്ത് അന്നത്തെ ഇറാക്ക് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ പക്കല്‍നിന്ന് സ്വര്‍ണ്ണം പൂശിയ രണ്ട് AK-47 തോക്കുകള്‍ കണ്ടെടുത്തിരുന്നു. ഇവ ഇന്ന് വാഷിങ്ടണ്‍ ഡിസിയിലെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

  • AK-47ന്റെയും അതിന്റെ ഉപജ്ഞാതാവ് മിഖായില്‍ കലാഷ്‌നിക്കോവിന്റെയും സ്മാരകസ്റ്റാംപുകള്‍ റഷ്യയേപ്പോലെതന്നെ ന്യൂസിലാന്‍ഡും പുറത്തിറക്കിയിട്ടുണ്ട്. 
  • വര്‍ഷം തോറും ലോകത്താകെ ഏതാണ്ട് രണ്ടരലക്ഷം ജനങ്ങള്‍ AK-47ല്‍ നിന്നുള്ള വെടിയുണ്ടകളേറ്റ് മരണമടയുന്നുണ്ടെന്നാണ് കണക്ക്!

Monday 23 December 2013

ഈ ഹൃദയത്തിന് ഗ്യാരണ്ടി 5 വര്‍ഷം!



ഇനി സ്വന്തം ഹൃദയം പണിമുടക്കിയാലും പേടിക്കാനില്ല. ഗ്യാരണ്ടിയുള്ള കൃത്രിമഹൃദയം റെഡി. ഫ്രാന്‍സിലെ ഒരു ബയോമെഡിക്കല്‍ സ്ഥാപനമായ കാര്‍മാറ്റ് ആണ് ഈ കൃത്രിമഹൃദയത്തിന്റെ നിര്‍മ്മാതാക്കള്‍.


പാരീസിലെ ജോര്‍ജസ് പോപിംഡു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 75 വയസ്സുള്ള ഒരു വ്യക്തിയിലാണ് കൃത്രിമഹൃദയം വച്ചു പിടിപ്പിച്ചത്. യഥാര്‍ത്ഥ ഹൃദയത്തിന് പകരമായി 5 വര്‍ഷം വരെ ഒരു കുഴപ്പവും കൂടാതെ ഈ കൃത്രിമഹൃദയം പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. ഹൃദയം തകരാറാവുന്നതുമൂലം നിരവധി ആളുകള്‍ മരണമടയുന്ന ഇക്കാലത്ത് ഇതൊരു അനുഗ്രഹമായേക്കാം.
പാരീസിലെ ജോര്‍ജസ് പോപിംഡു ആശുപത്രി
ഹൃദയത്തകരാറുകള്‍ക്ക് പരിഹാരമായി ചില കൃത്രിമഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി ചികിത്സിക്കുന്ന രീതി നേരത്തേയുണ്ട്. എന്നാല്‍ ഇവയൊന്നും പൂര്‍ണ്ണമായ കൃത്രിമ ഹൃദയമല്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടന്നിരിക്കുന്നത് ലോകത്തെ ആദ്യ കൃത്രിമഹൃദയം മാറ്റിവയ്ക്കല്‍  ശസ്ത്രക്രിയയാണ് എന്നു പറയാം. സാധാരണ ഹൃദയത്തിന്റെ മൂന്നിരട്ടിയോളം വരുന്നതാണ് കാര്‍മാറ്റിന്റെ കൃത്രിമഹൃദയം. ഏതാണ്ട് 900 ഗ്രാം ഭാരമുണ്ടിതിന്. ലിഥിയം ബാറ്ററിയാണിതിന് ഊര്‍ജ്ജം പകരുന്നത്. ബാറ്ററികള്‍ ശരീരത്തിന് പുറത്ത് ധരിക്കാം. ശരീരത്തിനുള്ളില്‍ രക്തവുമായി സമ്പര്‍ക്കത്തില്‍ വരുന്ന കൃത്രിമഹൃദയത്തിന്റെ ഭാഗങ്ങളെല്ലാം ജൈവപദാര്‍ത്ഥങ്ങളുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ഹൃദയത്തിന്റെ മസിലുകള്‍ ചുരുങ്ങുകയും നിവരുകയും ചെയ്യുന്ന പ്രക്രിയ അനുകരിക്കാന്‍ കൃത്രിമഹൃദയത്തിന് കഴിയും. പ്രത്യേക സെന്‍സറുകളും മറ്റും ഉപയോഗപ്പെടുത്തിയാണ് വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ ഹൃദയം പ്രവര്‍ത്തിക്കുക. ഈ കൃത്രിമഹൃദയത്തിന്റെ വലിപ്പവും ഭാരവും ഇനിയും കുറയ്ക്കാനുള്ള ഗവേഷണങ്ങളിലാണ് കമ്പനി.
അലെയ്ന്‍ ഫ്രെഡറിക്  കാര്‍പെന്റിയര്‍ എന്ന ഫ്രഞ്ച് സര്‍ജനാണ് ഈ കൃത്രിമഹൃദയത്തിന്റെ പിന്നിലുള്ളത്. ശസ്ത്രക്രിയ നടത്തിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കാര്‍മാറ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണിദ്ദേഹം. ഹൃദയത്തിലെ മിത്രല്‍ വാല്‍വ് റിപ്പയറിന്റെ പിതാവ് എന്നാണിദ്ദേഹം അറിയപ്പെടുന്നത്. ഹൃദയത്തിന്റെ ഇടത് അറയിലേക്ക് രക്തമെത്തിക്കുന്നതാണ് മിത്രല്‍ വാല്‍വ്.
ഡോ.അലെയ്ന്‍ ഫ്രെഡറിക് കാര്‍പെന്റിയര്‍
ജാര്‍വിക് - 7 (Jarvik-7)
ആദ്യ കൃത്രിമഹൃദയം എന്ന് പരക്കെ അംഗീകരിക്കപ്പെടുന്നത് ജാര്‍വിക് - 7 ആണ്. അമേരിക്ക ക്കാരനായ റോബര്‍ട് ജാര്‍വിക് വികസിപ്പിച്ച ഇത് 1982 ഡിസംബര്‍ 2ന് ബാര്‍ണി ക്ലാര്‍ക്ക് എന്നയാള്‍ക്ക് വച്ചുപിടിപ്പിച്ചു. ഡോ. വില്ല്യം ഡീവ്രിസ് ശസ്ത്രക്രിയ നടത്തി. ആ കൃത്രിമഹൃദയ വുമായി 112 ദിവസം ജീവിച്ച ക്ലാര്‍ക്ക് 1983 മാര്‍ച്ച് 23ന് അന്തരിച്ചു. 1984ല്‍ ജാര്‍വിക് - 7 വില്ല്യം ജെ. ഷ്രോഡര്‍  എന്ന വ്യക്തിയില്‍ വച്ചു പിടിപ്പിച്ചു. ഇദ്ദേഹം 620 ദിവസം ജീവിച്ചു. ഹൃദയ ത്തിന്റെ തകരാറല്ല ശ്വാസകോശസംബന്ധമായ അസുഖമായിരുന്നുവത്രേ മരണകാരണം!

മരണം ഉറപ്പാക്കപ്പെട്ട വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ഹൃദയം മാറ്റിവയ്ക്കുന്നത് ഇന്ന് അസാധാരണമായൊരു കാര്യമല്ല. മനുഷ്യഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ തലതൊട്ടപ്പനായി പരക്കെ അംഗീകരിക്കപ്പെടുന്നത് അമേരലിക്കന്‍ ഡോക്ടര്‍ നോര്‍മന്‍ ഷംവേയാണ്. എന്നാല്‍ ലോകത്തെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് സൗത്ത് ആഫ്രിക്കക്കാരനായ ഡോക്ടര്‍ ക്രിസ്റ്റിയന്‍ ബര്‍ണാഡാണ്. 1967 ഡിസംബര്‍ 3ന് സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലുള്ള ഗ്രൂട്ട് ഷൂര്‍ ആശുപത്രിയില്‍ ലൂയിസ് വാഷ്‌കന്‍സ്‌കിയെന്ന രോഗിയ്ക്കാണ് ലോകത്താദ്യമായി ഹൃദയം മാറ്റിവയ്ച്ചത്. 

ഡോ. ക്രിസ്റ്റിയന്‍ ബര്‍ണാഡ്‌
പുതിയ കൃത്രിമ ഹൃദയം പ്രവര്‍ത്തികമായാല്‍ ഇനി ഹൃദയ ദാതാവിനെ തേടി രോഗികള്‍ വലയേണ്ടി വരില്ല എന്നു കരുതാം. എന്നാല്‍ ഏകദേശം ഒന്നരക്കോടി രൂപ മുടക്കി ഇതിന് എത്രപേര്‍ക്ക് സാധിക്കുമെന്ന ചോദ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസക്തമാണ്.


Top News

Labour India