BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday 3 January 2014

ആന്‍ഡി മറേ ബിബിസി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി 2013 (Andy Murray BBC Sports Personality 2013)

ഇംഗ്ലീഷ് ടെന്നീസ് സൂപ്പര്‍ താരം ആന്‍ഡി മറേ 2013ലെ ബിബിസി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ അവാര്‍ഡിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ടെന്നീസ് താരമായ നാലാമത്തെ വിജയിയാണ് ഇദ്ദേഹം.


കഴിഞ്ഞ നീണ്ട 77 വര്‍ഷങ്ങളിലെ ഇംഗ്ലീഷുകാരനായ ഏക വിംബിള്‍ഡന്‍ ടെന്നീസ് ജേതാവാണ് സ്‌കോട്‌ലന്റില്‍ ജനിച്ച മറേ. 2012ല്‍ ഒളിംപിക്‌സ് സ്വര്‍ണ്ണവും യുഎസ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ വിജയവും നേടിയ മറേ ഈ നേട്ടം കൈവരിച്ച ഏക താരമാണ്. 2013ലായിരുന്നു വിംബിള്‍ഡന്‍ കിരീടനേട്ടം. ഇപ്പോള്‍ ലോകറാങ്കിംഗില്‍ നാലാം സ്ഥാനം.

Thursday 2 January 2014

കൊറി ആന്‍ഡേഴ്‌സന്‍ + 36 ബോള്‍ = 100 റണ്‍സ്...! (Corey Anderson Hit Century in 36 Balls)

ഈ സമവാക്യം ഇതുവരെ കേട്ടിട്ടില്ലാത്ത ഒന്നാണ്, അല്ലേ? എന്നാല്‍ ഇനിമുതല്‍ ഇത് ഏകദിന ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി എന്ന നിലയില്‍ ലോകക്രിക്കറ്റിലെ റെക്കോഡ് ബുക്കുകളില്‍ മായാതെ കിടക്കും, മറ്റൊരാള്‍ പുതിയൊരു സൂത്രവാക്യം ചമയ്ക്കും വരെ!


2014 വര്‍ഷത്തെ ആദ്യദിനം ന്യൂസിലാന്റിന്റെ ഏകദിന ക്രിക്കറ്റ് ടീമിലെ കൊറി ആന്‍ഡേഴ്‌സന്‍ എന്ന ഇടം കൈയ്യന്‍ ബാറ്റ്‌സ്മാന്റെ പേരിലെഴുതപ്പെട്ടു കഴിഞ്ഞു. അന്നാണല്ലോ അയാള്‍ വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരെ അടിച്ചു പരത്തി വെറും 36 പന്തില്‍ സെഞ്ചുറി നേടിക്കൊണ്ട് ചരിത്രം തിരുത്തിയത്! 17 വര്‍ഷങ്ങള്‍ക്കു മുന്‍പ് വെറും 16 വയസ്സുമാത്രമുള്ളപ്പോള്‍ പാകിസ്ഥാന്റെ തീപ്പൊരിത്താരം ഷാഹിദ് അഫ്രീദി  37 പന്തുകളില്‍നിന്ന് നേടിയ സെഞ്ചുറിക്കഥയാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്.
1990 ഡിസംബര്‍ 13ന് ന്യൂസിലന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ജനിച്ച കൊറി ആന്‍ഡേഴ്‌സന്‍ 2013 ജൂണ്‍ 16ന് ഇംഗ്ലണ്ടിനെതിരെ കളിച്ചുകൊണ്ടാണ് അന്താരാഷ്ട്ര ഏകദിനക്രിക്കറ്റില്‍ അരങ്ങേറിയത്. 2013 ഒക്‌ടോബര്‍ 9ന് ബംഗ്ലാദേശിനെതിരെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. ഇടംകൈയന്‍ പേസ് ബൗളറുമാണ് കക്ഷി.

കൊറി ആന്‍ഡേഴ്‌സന്റെ റെക്കോഡ് പ്രകടനം കാണൂ...


മൂസ അരുണാചലന്‍സിസ് (Musa arunachalensis)

പേര് കേട്ടപ്പോള്‍ വല്ല സിഐഡി മൂസയും ഇറങ്ങിയ കാര്യമാണോ എന്ന് ശങ്കിക്കുന്നുണ്ടാവും, അല്ലേ? സംഭവം ഇത്രയേയുള്ളൂ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബോട്ടണി ഡിപാര്‍ട്‌മെന്റ് ഒരു പുതിയ ഇനം കാട്ടുവാഴ  കണ്ടെത്തിയിരിക്കുന്നു. അലങ്കാര വാഴയിനമായി വളര്‍ത്തിയെടുക്കാന്‍ സാധ്യതയുള്ള ഇനമാണിതെന്ന് ഗവേഷകര്‍ പറയുന്നു.


മൂസ അരുണാചലന്‍സിസ് (Musa arunachalensis) എന്നു നാമകരണം നടത്തിയിരിക്കുന്ന ഈ വാഴ അരുണാചല്‍ പ്രദേശിലെ പശ്ചിമ കാമെംഗ് ജില്ലയിലെ ഒരുയര്‍ന്ന പ്രദേശത്തുനിന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി ഡിപാര്‍ട്‌മെന്റ് തലവനായ പ്രൊഫ. ഡോ. എം. സാബുവാണ് ഗവേഷകസംഘത്തെ നയിച്ചത്. 'ഫൈറ്റോറ്റാക്‌സ' (Phytotaxa) എന്ന അന്താരാഷ്ട്ര സസ്യശാസ്ത്രമാസികയില്‍ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം വനാതിര്‍ത്തികളിലാണിവയുടെ സ്വാഭാവിക വളര്‍ച്ച. സാധാരണയായി ജനുവരി മുതല്‍ മെയ് വരെയുള്ള കാലഘട്ടത്തിലാണ് ഇവ പൂവിട്ട് കായ്ക്കുന്നത്. വര്‍ഗസങ്കരണത്തിലൂടെയും മറ്റ് ജനിതവിദ്യകളിലൂടെയും ഇതിനെ ഭക്ഷ്യയോഗ്യമായ ഇനമായും മാറ്റിയെടുക്കാമെന്നും ഡോ. സാബു വിശദീകരിക്കുകയുണ്ടായി.

പ്രൊഫ. ഡോ. എം. സാബു
വനനശീകരണവും വനഭൂമി വെട്ടിത്തെളിച്ച് കൃഷിക്കുപയോഗിക്കുന്നതും മറ്റും കൊണ്ട് ഈ ഇനം വാളകളുടെ സ്വാഭാവിക ആവാസഭൂമികള്‍ നശിക്കുകയാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വാഴകള്‍ക്ക് കന്നുകളും വിത്തുകളും തീരെക്കുറവാണെന്നതും സ്ഥിതി മോശമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍നിന്ന് മാറ്റി മറ്റൊരിടത്ത് സംരക്ഷിക്കുകയെന്നത് ബുദ്ധിമുട്ടാണത്രേ! മറിച്ച് അവ നിലനില്‍ക്കുന്ന പ്രദേശത്തുതന്നെ വളരാന്‍ അനുവദിക്കുകയെന്നതാണ് ശരിയായ മാര്‍ഗ്ഗം.
നിരവധി ഇനം വാഴകള്‍ ധാരാളമായുള്ള രാജ്യമാണ് ഇന്ത്യ. വൈല്‍ഡ് മൂസ ഇനങ്ങളില്‍ പെട്ട കാട്ടുവാഴകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമഘട്ടവനപ്രദേശങ്ങളിലും ആന്‍ഡമാന്‍ നികോബാര്‍ ദ്വീപപ്രദേശങ്ങളിലുമൊക്കെ സമൃദ്ധമായുണ്ടത്രേ!
1892നുശേഷം കാട്ടുവാഴ ഇനങ്ങള്‍ ഇന്ത്യയില്‍ പുതിയതായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല എന്നത് ഇപ്പോഴത്തെ കണ്ടെത്തലിന് പ്രാധാന്യമേറ്റുന്നു.

Sunday 29 December 2013

മേരി ടി. ബാര ജനറല്‍ മോട്ടോഴ്‌സ് സിഇഒ (Mary T. Barra named CEO of GM)

ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍വാഹന നിര്‍മ്മാതാക്കളിലൊന്നായ ജനറല്‍ മോട്ടോഴ്‌സിന് ഇനി വനിതാ ഡ്രൈവര്‍! അതെ, ജനറല്‍ മോട്ടോഴ്‌സിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മേരി തെരേസ ബാര നിയമിതയായി.


നിലവില്‍ കമ്പനിയുടെ ഗ്ലോബല്‍ പ്രേഡക്ട് ഡവലപ്‌മെന്റ് പര്‍ച്ചേസിംഗ് ആന്‍ഡ് സപ്ലൈ വിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. നിലവിലെ സിഇഒ ഡാന്‍ അകേര്‍സന്‍ വിരമിക്കുന്ന ഒഴിവിലാണ് ബാരയുടെ നിയമനം. തന്റെ 18-ാം വയസ്സില്‍ എന്‍ജിനീയറായി ജിഎമ്മില്‍ ചേര്‍ന്ന മേരി ബാര കമ്പനിയുടെ നിരവധി മേഖലകളില്‍ കഴിവുതെളിയിച്ചാണ് ഉയര്‍ന്ന തലത്തിലേക്കെത്തിയത്.  
ഇപ്പോള്‍ കെറ്ററിംഗ് യൂണിവേഴ്‌സിറ്റി എന്നറിയപ്പെടുന്ന ജനറല്‍ മോട്ടോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് മേരി ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയത്. ജിഎം ഫെല്ലോഷിപ്പോടെ സ ്റ്റാന്‍ഫോര്‍ഡ് ഗ്രാജ്വേറ്റ് സ്‌കൂളില്‍നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടി.
2012ല്‍ ഫോബ്‌സ് മാസിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതകളുടെ ലിസ്റ്റില്‍ മേരി ബാരയെയും ഉള്‍പ്പെടുത്തിയിരുന്നു. 1961 ഡിസംബര്‍ 24ന്‍ മിച്ചിഗണിലെ വാട്ടര്‍ഫോഡ് എന്ന സ്ഥലത്ത് ജനിച്ചു.


ചിക്കന്‍ പോക്‌സിനെ മെരുക്കിയ ഡോ. മിചിയാകി തകാഹാഷി അന്തരിച്ചു

ചിക്കന്‍ പോക്‌സിനെതിരെ പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ച ജപ്പാന്‍കാരന്‍ ഡോ. മിചിയാകി തകാഹാഷി മരണത്തിന് കീഴടങ്ങി. ഹൃദയാഘാതത്തെത്തുടര്‍ന്ന് 85-ാം വയസ്സിലായിരുന്നു അന്ത്യം.

1928ല്‍ ജപ്പാനില്‍ ജനിച്ച തകാഹാഷി 1954ല്‍ ഒസാകാ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളില്‍നിന്ന് മെഡിസിനില്‍ എം.ഡി. നേടി. പിന്നീട് വൈറോളജിയിലായിരുന്നു ഉപരിപഠനം. 1972ലാണ് ചിക്കന്‍ പോക്‌സിന് പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നത്. ഈ വാക്‌സിന്‍ ചിക്കന്‍ പോക്‌സിനെ ചികിത്സിക്കുവാന്‍ ഉപയോഗിക്കുന്നില്ല. മറിച്ച് അസുഖം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.
ഈ രംഗത്തെ സേവനങ്ങളെ പുരസ്‌ക്കരിച്ച് നിരവധി ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2005ല്‍ ജപ്പാനില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തപ്പെട്ടതാണ് 'ദി ജാപ്പനീസ് സൊസൈറ്റി ഫോര്‍ വാക്‌സിനോളജി തകാഹാഷി പ്രൈസ്'.

Top News

Labour India