BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday 14 September 2013

ചൊവ്വയിലേക്ക് പോകാന്‍ 20,000 ഇന്ത്യക്കാര്‍

''ചൊവ്വയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മലയാളിയായ ജോസഫ് മാത്യു 5000 വോട്ടുകള്‍ക്ക് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായ അമേരിക്കക്കാരനെ തോല്പിച്ചു...'' 
ഞെട്ടണ്ട! ഇങ്ങനെയൊരു വാര്‍ത്ത സമീപഭാവിയില്‍ കേട്ടാലും അത്ഭുതപ്പെടാനില്ല. കാരണം ചൊവ്വയിലേക്ക് ചേക്കേറാന്‍ തയാറായി പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് നില്‍ക്കുന്നത്...!
ചൊവ്വയിലുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന കോളനികളുടെ മാതൃകകള്‍
ചൊവ്വാഗ്രഹത്തിലേക്ക് സ്ഥിരവാസത്തിന് പോകാന്‍ 140 രാജ്യങ്ങളില്‍നിന്നുള്ള ആകെ അപേക്ഷകര്‍ രണ്ട് ലക്ഷത്തോളമാണ്. അപേക്ഷിച്ചവരില്‍ ഇന്ത്യക്കാര്‍ 20,000. അമേരിക്കക്കാരാണ്  ഒന്നാംസ്ഥാനത്ത്  47,000 പേര്‍. 13,000 അപേക്ഷകരുമായി ചൈന മൂന്നാം സ്ഥാനത്തുണ്ട്. ഏറ്റവും പ്രധാന കാര്യം പോകുന്നവരാരും തിരിച്ചുവരുന്നവരല്ല എന്നതാണ്‌. ഈ ദൗത്യത്തില്‍ തിരിച്ചുവരവിന്റെ കാര്യം പറയുന്നേയില്ല. അതായത് പോകുന്നവര്‍ അവിടെ സ്ഥിരതാമസം ഉദ്ദേശിച്ചു തന്നെയിറങ്ങിയവരാണ്!
നെതര്‍ലന്‍ഡ്‌സുകാരനായ വ്യവസായസംരംഭകന്‍ ബാസ്  ലാന്‍സ്‌ഡ്രോപ്പാണ്  'മാര്‍സ്‌വണ്‍' എന്ന ചൊവ്വാ പദ്ധതിക്ക് പിന്നില്‍. ചൊവ്വയില്‍ സ്ഥിരവാസത്തിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി തുടക്കത്തില്‍വേണ്ടത് 600 കോടി ഡോളറാണ് (ഏതാണ്ട്‌  38,598 കോടി രൂപ). ദൗത്യത്തിന്റെ ടെലിവിഷന്‍ സംപ്രേഷണത്തിലൂടെയും മറ്റും പണം കണ്ടെത്താനാകുമെന്നാണ് പദ്ധതി നടത്തിപ്പുകാര്‍ കരുതുന്നത്. 1999-ല്‍ ഊര്‍ജതന്ത്രനൊബേല്‍ നേടിയ നെതര്‍ലന്‍ഡ്‌സുകാരന്‍ ജെറാര്‍ഡ് ഹൂഫ്റ്റ് പദ്ധതിയോട് സഹകരിക്കുന്നുണ്ട്.
2023-ഓടെ നാലംഗങ്ങള്‍ വീതമുള്ള 10 ടീമുകളെ ചൊവ്വയിലെത്തിക്കുകയാണ്  ആദ്യ
ലക്ഷ്യം. 2015-ല്‍ ഇതിന്റെ തീവ്രപരിശീലനങ്ങള്‍ക്ക് തുടക്കമാകും.
ചൊവ്വയിലേക്കുള്ള യാത്രതന്നെ ഏഴുമാസത്തോളമെടുക്കും. -55 ഡിഗ്രി താപനില അടക്കം
അവിടത്തെ കഠിന സാഹചര്യങ്ങളെ മനുഷ്യന്‍ എങ്ങനെ അതിജീവിക്കും എന്നതും പ്രശ്‌നമാണ്. മരുഭൂമിയിലേതുപോലുള്ള അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്നതിലേറെയും കാര്‍ബണ്‍ ഡയോക്‌സൈഡും.
പദ്ധതിയുടെ ആദ്യപടിയായി 2016 ജനുവരിയില്‍ സോളാര്‍ പാനലുകളും സ്‌പെയര്‍ പാര്‍ട്ടുകളും മറ്റ് അവശ്യവസ്തുക്കളുമടക്കം 2500 കിലോ സാധനങ്ങളുമായി ഒരു വാഹനം ചൊവ്വയിലേക്കയക്കും. അവിടെ കോളനികള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയായ പ്രവര്‍ത്തനങ്ങള്‍ക്കാണിത്. തുടര്‍ന്ന് 2018ല്‍ അടുത്ത വാഹനം പ്രത്യേക മാര്‍സ് റോവറുകളുമായെത്തും. ഈ റോവറുകള്‍ മനുഷ്യന് താമസിക്കാന്‍ യോഗ്യമായ സ്ഥലം കണ്ടെത്തുന്നതിന് ചൊവ്വയുടെ ഉപരിതലത്തില്‍ ചുറ്റിസഞ്ചരിക്കും. 2021 ആകുമ്പോഴേക്കും ഈ റോവറുകള്‍ മനുഷ്യനെയും വഹിച്ചെത്തുന്ന പേടകങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സൗകര്യങ്ങളൊരുക്കും. 2022 ഓടെ ആദ്യ വാഹനം ചൊവ്വ ലക്ഷ്യമാക്കി കുതിപ്പാരംഭിക്കും. 2023ഓടെ ഈ സംഘം ചൊവ്വ ഗ്രഹത്തിലെ ആദ്യ താമസക്കാരാകും എന്നതാണ് കണക്കുകൂട്ടല്‍. 2025ല്‍ അടുത്ത സംഘം എത്തും. ആദ്യ സംഘമെത്തി രണ്ടു വര്‍ഷത്തെ ഇടവേളയില്‍ നാല് പേരടങ്ങുന്ന സംഘങ്ങള്‍ ചൊവ്വയിലെത്തിക്കൊണ്ടിരിക്കുമെന്നര്‍ത്ഥം.
നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ പദ്ധതിയെക്കുറിച്ച് സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. നാസയുടെ ആളില്ലാ പര്യവേക്ഷണ വാഹനങ്ങള്‍ ചൊവ്വയിലെത്തിയിട്ടുണ്ട്. 20 വര്‍ഷത്തിനകം മനുഷ്യനെ ചൊവ്വയിലേക്ക് അയയ്ക്കാനും നാസയ്ക്ക് പദ്ധതിയുണ്ട്‌.
ബാസ് ലാന്‍സ്‌ഡ്രോപ് 
1977 മാര്‍ച്ച് 5ന് നെതര്‍ലന്‍ഡ്‌സില്‍ ജനിച്ച ബാസ് ലാന്‍സ്‌ഡ്രോപ് 'മാര്‍സ് വണ്‍' എന്ന പ്രോജക്ടിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ന്നു. നെതര്‍ലന്‍ഡ്‌സിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റി ഓഫ് ട്വന്റിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദ കോഴ്‌സിനു പഠിക്കുന്ന കാലത്താണ് ഭ്രമാത്മകമെന്ന് തോന്നാവുന്ന ചൊവ്വ ദൗത്യത്തിന്റെ ആശയം അദ്ദേഹത്തില്‍ പൊട്ടിമുളയ്ക്കുന്നത്.
മാര്‍സ് വണ്‍ പദ്ധതി വീഡിയോ പ്രസന്റേഷന്‍ കാണൂ...



No comments:

Post a Comment

Top News

Labour India