BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Monday 23 December 2013

ഈ ഹൃദയത്തിന് ഗ്യാരണ്ടി 5 വര്‍ഷം!



ഇനി സ്വന്തം ഹൃദയം പണിമുടക്കിയാലും പേടിക്കാനില്ല. ഗ്യാരണ്ടിയുള്ള കൃത്രിമഹൃദയം റെഡി. ഫ്രാന്‍സിലെ ഒരു ബയോമെഡിക്കല്‍ സ്ഥാപനമായ കാര്‍മാറ്റ് ആണ് ഈ കൃത്രിമഹൃദയത്തിന്റെ നിര്‍മ്മാതാക്കള്‍.


പാരീസിലെ ജോര്‍ജസ് പോപിംഡു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 75 വയസ്സുള്ള ഒരു വ്യക്തിയിലാണ് കൃത്രിമഹൃദയം വച്ചു പിടിപ്പിച്ചത്. യഥാര്‍ത്ഥ ഹൃദയത്തിന് പകരമായി 5 വര്‍ഷം വരെ ഒരു കുഴപ്പവും കൂടാതെ ഈ കൃത്രിമഹൃദയം പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. ഹൃദയം തകരാറാവുന്നതുമൂലം നിരവധി ആളുകള്‍ മരണമടയുന്ന ഇക്കാലത്ത് ഇതൊരു അനുഗ്രഹമായേക്കാം.
പാരീസിലെ ജോര്‍ജസ് പോപിംഡു ആശുപത്രി
ഹൃദയത്തകരാറുകള്‍ക്ക് പരിഹാരമായി ചില കൃത്രിമഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി ചികിത്സിക്കുന്ന രീതി നേരത്തേയുണ്ട്. എന്നാല്‍ ഇവയൊന്നും പൂര്‍ണ്ണമായ കൃത്രിമ ഹൃദയമല്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടന്നിരിക്കുന്നത് ലോകത്തെ ആദ്യ കൃത്രിമഹൃദയം മാറ്റിവയ്ക്കല്‍  ശസ്ത്രക്രിയയാണ് എന്നു പറയാം. സാധാരണ ഹൃദയത്തിന്റെ മൂന്നിരട്ടിയോളം വരുന്നതാണ് കാര്‍മാറ്റിന്റെ കൃത്രിമഹൃദയം. ഏതാണ്ട് 900 ഗ്രാം ഭാരമുണ്ടിതിന്. ലിഥിയം ബാറ്ററിയാണിതിന് ഊര്‍ജ്ജം പകരുന്നത്. ബാറ്ററികള്‍ ശരീരത്തിന് പുറത്ത് ധരിക്കാം. ശരീരത്തിനുള്ളില്‍ രക്തവുമായി സമ്പര്‍ക്കത്തില്‍ വരുന്ന കൃത്രിമഹൃദയത്തിന്റെ ഭാഗങ്ങളെല്ലാം ജൈവപദാര്‍ത്ഥങ്ങളുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ഹൃദയത്തിന്റെ മസിലുകള്‍ ചുരുങ്ങുകയും നിവരുകയും ചെയ്യുന്ന പ്രക്രിയ അനുകരിക്കാന്‍ കൃത്രിമഹൃദയത്തിന് കഴിയും. പ്രത്യേക സെന്‍സറുകളും മറ്റും ഉപയോഗപ്പെടുത്തിയാണ് വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ ഹൃദയം പ്രവര്‍ത്തിക്കുക. ഈ കൃത്രിമഹൃദയത്തിന്റെ വലിപ്പവും ഭാരവും ഇനിയും കുറയ്ക്കാനുള്ള ഗവേഷണങ്ങളിലാണ് കമ്പനി.
അലെയ്ന്‍ ഫ്രെഡറിക്  കാര്‍പെന്റിയര്‍ എന്ന ഫ്രഞ്ച് സര്‍ജനാണ് ഈ കൃത്രിമഹൃദയത്തിന്റെ പിന്നിലുള്ളത്. ശസ്ത്രക്രിയ നടത്തിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കാര്‍മാറ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണിദ്ദേഹം. ഹൃദയത്തിലെ മിത്രല്‍ വാല്‍വ് റിപ്പയറിന്റെ പിതാവ് എന്നാണിദ്ദേഹം അറിയപ്പെടുന്നത്. ഹൃദയത്തിന്റെ ഇടത് അറയിലേക്ക് രക്തമെത്തിക്കുന്നതാണ് മിത്രല്‍ വാല്‍വ്.
ഡോ.അലെയ്ന്‍ ഫ്രെഡറിക് കാര്‍പെന്റിയര്‍
ജാര്‍വിക് - 7 (Jarvik-7)
ആദ്യ കൃത്രിമഹൃദയം എന്ന് പരക്കെ അംഗീകരിക്കപ്പെടുന്നത് ജാര്‍വിക് - 7 ആണ്. അമേരിക്ക ക്കാരനായ റോബര്‍ട് ജാര്‍വിക് വികസിപ്പിച്ച ഇത് 1982 ഡിസംബര്‍ 2ന് ബാര്‍ണി ക്ലാര്‍ക്ക് എന്നയാള്‍ക്ക് വച്ചുപിടിപ്പിച്ചു. ഡോ. വില്ല്യം ഡീവ്രിസ് ശസ്ത്രക്രിയ നടത്തി. ആ കൃത്രിമഹൃദയ വുമായി 112 ദിവസം ജീവിച്ച ക്ലാര്‍ക്ക് 1983 മാര്‍ച്ച് 23ന് അന്തരിച്ചു. 1984ല്‍ ജാര്‍വിക് - 7 വില്ല്യം ജെ. ഷ്രോഡര്‍  എന്ന വ്യക്തിയില്‍ വച്ചു പിടിപ്പിച്ചു. ഇദ്ദേഹം 620 ദിവസം ജീവിച്ചു. ഹൃദയ ത്തിന്റെ തകരാറല്ല ശ്വാസകോശസംബന്ധമായ അസുഖമായിരുന്നുവത്രേ മരണകാരണം!

മരണം ഉറപ്പാക്കപ്പെട്ട വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ഹൃദയം മാറ്റിവയ്ക്കുന്നത് ഇന്ന് അസാധാരണമായൊരു കാര്യമല്ല. മനുഷ്യഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ തലതൊട്ടപ്പനായി പരക്കെ അംഗീകരിക്കപ്പെടുന്നത് അമേരലിക്കന്‍ ഡോക്ടര്‍ നോര്‍മന്‍ ഷംവേയാണ്. എന്നാല്‍ ലോകത്തെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് സൗത്ത് ആഫ്രിക്കക്കാരനായ ഡോക്ടര്‍ ക്രിസ്റ്റിയന്‍ ബര്‍ണാഡാണ്. 1967 ഡിസംബര്‍ 3ന് സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലുള്ള ഗ്രൂട്ട് ഷൂര്‍ ആശുപത്രിയില്‍ ലൂയിസ് വാഷ്‌കന്‍സ്‌കിയെന്ന രോഗിയ്ക്കാണ് ലോകത്താദ്യമായി ഹൃദയം മാറ്റിവയ്ച്ചത്. 

ഡോ. ക്രിസ്റ്റിയന്‍ ബര്‍ണാഡ്‌
പുതിയ കൃത്രിമ ഹൃദയം പ്രവര്‍ത്തികമായാല്‍ ഇനി ഹൃദയ ദാതാവിനെ തേടി രോഗികള്‍ വലയേണ്ടി വരില്ല എന്നു കരുതാം. എന്നാല്‍ ഏകദേശം ഒന്നരക്കോടി രൂപ മുടക്കി ഇതിന് എത്രപേര്‍ക്ക് സാധിക്കുമെന്ന ചോദ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസക്തമാണ്.


No comments:

Post a Comment

Top News

Labour India