BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday 19 October 2013

രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായി...

മലയാള ചലച്ചിത്രഗാനരംഗത്ത് നവോത്ഥാനത്തിന് തരികൊളുത്തിയ സംഗീതസംവിധായകരില്‍ പ്രമുഖനായിരുന്ന കെ. രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. കഴിഞ്ഞ നാല് ദശകങ്ങളിലായി നാനൂറോളം മലയാള ചലച്ചിത്രഗാനങ്ങളെ തന്റെ മാസ്മരിക സംഗീതം കൊണ്ട് അനശ്വരമാക്കി ഈ യുഗപ്രഭാവന്‍.
1913ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ ജനിച്ചു. മത്സ്യത്തൊഴിലാളിയായ കൃഷ്ണനും നാരായണിയും മാതാപിതാക്കള്‍. ചെറുപ്പത്തിലെ സംഗീതപഠനം ആരംഭിച്ചിരുന്നു. ഒപ്പം ഫുട്‌ബോള്‍ കളിയും ഹരമായി കൊണ്ടുനടന്നു. പിന്നീട് ഫുട്‌ബോള്‍ വിട്ട് സംഗീതവഴിയിലൂടെ മാത്രം നടന്നു.

ഓള്‍ ഇന്ത്യ റേഡിയോയില്‍ തംബുരു ആര്‍ട്ടിസ്റ്റായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1950ല്‍ ട്രാന്‍സ്ഫറായി കോഴിക്കോട് നിലയത്തിലെത്തിയ കാലം മുതലാണ് സിനിമ പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. കവിയും ഗാനരചയിതാവുമായ പി. ഭാസ്‌ക്കരനുമായുള്ള സൗഹൃദവും നിമിത്തമായി.  'കതിരുകാണാക്കിളി' ആണ് സംഗീതം നിര്‍വഹിച്ച ആദ്യ ചിത്രമെങ്കിലും പുറത്തുവന്ന ആദ്യ ചിത്രം 'നീലക്കുയില്‍' ആയിരുന്നു. അതിലെ 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍' എന്ന ഹിറ്റ്  ഗാനം സംഗീതസംവിധായകന്‍ എന്ന നിലയിലും ഗായകന്‍ എന്ന നിലയിലും കെ. രാഘവന്‍ മാസ്റ്ററെ മലയാള സംഗീത ലോകത്ത് സുവര്‍ണലിപികളില്‍ അടയാളപ്പെടുത്തി.
ദക്ഷിണാമൂര്‍ത്തി സ്വാമിയും ദേവരാജനും ബാബുരാജും മറ്റും തിളങ്ങിനിന്ന കാലത്ത് സിനിമാഗാനങ്ങളില്‍ നാടന്‍ പാട്ടിന്റെ ചാരുത ഇണക്കിച്ചേര്‍ത്ത മാന്ത്രികവിദ്യയാണ് രാഘവന്‍ മാസ്റ്ററെ വ്യത്യസ്തനാക്കിയത്.  'എല്ലാരും ചൊല്ലണ്', 'മഞ്ഞണിപ്പൂനിലാവില്‍', 'മാനത്തെ കായലിന്‍', 'കരിമുകില്‍ കാട്ടിലെ', 'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു'... മലയാളിയെ മയക്കിയ മാസ്റ്ററുടെ മാസ്റ്റര്‍ പീസുകള്‍ ഇങ്ങനെ അനവധി.
സിനിമാ ഗാനങ്ങള്‍ക്കുപരിയായി ഒരുപിടി നാടകഗാനങ്ങളെയും ലളിതഗാനങ്ങളെയും രാഘവസംഗീതം ജനഹൃദയങ്ങളില്‍ ശാശ്വതപ്രതിഷ്ഠ നല്‍കി. 'പാമ്പുകള്‍ക്ക് മാളമുണ്ട്...', 'തലയ്ക്കുമീതേ ശൂന്യാകാശം...', 'ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ...' തുടങ്ങിയ നാടകഗാനങ്ങള്‍ മലയാളികളെന്നെങ്കിലും മറക്കുമോ! മലയാളത്തിലെയും തമിഴിലെയും പ്രശസ്ത ഗായകരൊക്കെത്തന്നെ രാഘവന്‍ മാസ്റ്ററുടെ ഈണങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്. ഒപ്പം നിരവധി പുതുമുഖങ്ങള്‍ക്കും അദ്ദേഹം അവസരങ്ങള്‍ നല്‍കി.
1980ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1986ല്‍ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, 88ല്‍ കമുകറ പുരുഷോത്തമന്‍, ജെ. സി. ഡാനിയല്‍ അവാര്‍ഡുകള്‍, 2010ല്‍ പത്മശ്രീ... ഇങ്ങനെ നിരവധി പുരസ്‌കാരങ്ങളും ഈ സംഗീതപ്രതിഭയെ തേടിയെത്തി.

 'നീലക്കുയില്‍' എന്ന ചിത്രത്തിലെ  
 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍
 എന്ന ഹിറ്റ് ഗാനം രാഘവന്‍  
   മാസ്റ്റര്‍ തന്നെ ആലപിച്ചത് യാദൃശ്ചികമായിട്ടാണ്. 
 ആ കഥ ശ്രീ. ടി. പി. ശാസ്തമംഗലം ഓര്‍മ്മിക്കുന്നു. 
ടി. പി. ശാസ്തമംഗലം
ആലുവാപ്പുഴയുടെ തീരത്തെ ഒരു വാടകവീട്ടിലായിരുന്നു പാട്ടെഴുത്തും ചിട്ടപ്പെടുത്തലുമെല്ലാം നടന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ടി.കെ. പരീക്കുട്ടി, കഥാകൃത്ത് ഉറൂബ് എന്ന പി. സി. കുട്ടിക്കൃഷ്ണന്‍, ചിത്രത്തിന്റെ സംവിധായകരായ രാമു കാര്യാട്ട്, പി. ഭാസ്‌കരന്‍ (ഇദ്ദേഹമാണ് പാട്ടുകള്‍ എഴുതുന്നതും), സംഗീത സംവിധായകനായ കെ. രാഘവന്‍ എന്നിവരാണ് അവിടെ താമസിച്ചിരുന്നത്. പരീക്കുട്ടിക്ക് അന്ന് ചില വ്യാപാരങ്ങളുള്ളതിനാല്‍ മിക്ക ദിവസവും രാവിലെ എറണാകുളത്തുപോയി സന്ധ്യയ്ക്ക് തിരിച്ചെത്തും. ഗാനങ്ങള്‍ ഓരോന്നായി പിറക്കാന്‍ തുടങ്ങി. 
അങ്ങനെ ഒരു ദിവസം പരീക്കുട്ടി വന്നപ്പോള്‍ പി. ഭാസ്‌കരന്‍ പറഞ്ഞു: ''ടി. കെ., കായലരികത്തു വലവീശുന്ന 
ആ പാട്ടുണ്ടല്ലോ, അതു ശരിയാക്കിയിട്ടുണ്ട്.''
''എന്നാലൊന്ന് കേള്‍ക്കട്ടെ'' എന്നായി പരീക്കുട്ടി.
കെ. രാഘവന്‍ ഉച്ചത്തില്‍ ആ പാട്ടു പാടി. നിര്‍മ്മാതാവായ ടി. കെ. പരീക്കുട്ടിയുടെ മാത്രമല്ല അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മുഖം സന്തോഷംകൊണ്ടു തുടുത്തു. 
ഇൗ പാട്ട് ആരു പാടും? അതായി അടുത്ത ചിന്ത. ഹാജി എന്നു വിളിക്കുന്ന കൊച്ചിക്കാരന്‍ അബ്ദുള്‍ ഖാദറിനാണ് നറുക്കു വീണത്. അതനുസരിച്ച് അദ്ദേഹം ആലുവായിലെ ആ വാടകവീട്ടിലെത്തി. ഹാജിക്ക് രാഘവന്‍ പാട്ടു പഠിപ്പിച്ചുകൊടുത്തു. പതിവുസന്ദര്‍ശനത്തിനെത്തിയ പരീക്കുട്ടിക്ക് എന്തോ ആ ഗായകന്റെ ആലാപനത്തില്‍ അത്ര തൃപ്തി പോരാ. അദ്ദേഹം സംഗീതസംവിധായകനായ കെ. രാഘവനോട് കാര്യം തുറന്നു പറഞ്ഞു. ക്ഷണിച്ചു വരുത്തിയ ആളെ പറഞ്ഞുവിടാനാകാതെ കെ. രാഘവന്‍ കുഴങ്ങി.
മദിരാശിയിലെ (ഇന്നത്തെ ചെന്നൈ) വാഹിനി സ്റ്റുഡിയോയില്‍ വച്ചായിരുന്നു ഗാനാലേഖനം. പരീക്കുട്ടിയുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ഹാജിയെത്തന്നെ കെ. രാഘവന്‍ പാടാനായി മദിരാശിയിലേക്കു വിളിപ്പിച്ചു. പാട്ടു പഠിപ്പിച്ചു കഴിഞ്ഞപ്പോള്‍ സമയം അര്‍ദ്ധരാത്രിയോടടുത്തു. രാത്രി ഒരു മണിക്ക് എല്ലാം തയാറാക്കി ഹാജിയെ കെ. രാഘവന്‍ പാടാന്‍ ക്ഷണിച്ചപ്പോള്‍ പരീക്കുട്ടി സമ്മതിച്ചില്ല. ''ഇൗ പാട്ട് മാഷ് (കെ. രാഘവന്‍ അന്നുമിന്നും സകലര്‍ക്കും രാഘവന്‍ മാഷാണ്.) തന്നെ പാടിയാല്‍ മതി'' എന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. പാവം ഹാജി! അദ്ദേഹം മാറി നിന്നു. ഹാജിയെ ഒഴിവാക്കേണ്ടി വന്നതിന്റെ വ്യസനത്തോടെ നേരം വെളുത്തുതുടങ്ങിയപ്പോള്‍ കെ. 
രാഘവന്‍ ഒറ്റയടിക്ക് പാടി. അങ്ങനെ 'കായലരികത്ത്' എന്ന ഗാനം കെ. രാഘവന്റെ ശബ്ദത്തില്‍ തന്നെ പിറന്നു.

No comments:

Post a Comment

Top News

Labour India