BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Thursday 18 July 2013

സ്‌നോഡന്‍ ആരുടെ ശത്രു?

അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറയുന്നത് മുഴുവന്‍ വില്ലന്മാരാണ്, വില്ലത്തികളും. നായകന്മാര്‍ക്ക് പറ്റാത്ത പല പണികളും ചെയ്ത് വിജയിപ്പിക്കുന്ന വില്ലന്മാര്‍... എന്നാല്‍ ഇതില്‍ പല പണികളും യഥാര്‍ത്ഥ നായകന്മാര്‍ക്ക് ചേരാത്തതുമാണ്. അതുകൊണ്ടുതന്നെ പ്രസിദ്ധിയല്ല മറിച്ച് കുപ്രസിദ്ധിയാണിവര്‍ക്ക് കിട്ടുന്നത്. ചിലര്‍ക്കൊക്കെ കാരാഗ്രഹവും. അതോര്‍ത്ത് നായകന്മാര്‍ക്കും നായകന്മാര്‍ തന്നെ എപ്പോഴും ജയിക്കണമെന്നാഗ്രഹിക്കുന്ന നമ്മെപ്പോലെയുള്ള സാധാരണക്കാര്‍ക്കും സമാധാനിക്കാം...
കേരളത്തിലെ ചില 'ഊര്‍ജ്ജപ്രതിസന്ധി'കളെക്കുറിച്ചൊന്നുമല്ല ഇവിടെ പറയാന്‍ പോകുന്നത്. പിന്നെയോ, ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു വ്യക്തിയെക്കുറിച്ചാണ്. അമേരിക്കക്കാരനായ എഡ്വേഡ് സ്‌നോഡന്‍ സ്വന്തം രാജ്യത്തിന്റെ കണ്ണിലെ സാമാന്യം വലിയൊരു കരടായി മാറിയിട്ട് കുറച്ചു നാളുകളായി. രാജ്യദ്രോഹമാണ് ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. എന്തുവിലകൊടുത്തും സ്‌നോഡനെ പിടികൂടുക എന്നതാണ് ഇപ്പോള്‍ അമേരിക്കന്‍ ഏജന്‍സികളുടെ ലക്ഷ്യം. അവരതിനായി ഊണുറക്കങ്ങളുപേക്ഷിച്ചിറങ്ങിയിരിക്കുകയുമാണ്.
എന്താണിത്ര വലിയ കുറ്റം എന്നാണെങ്കില്‍ കേട്ടോളൂ. അമേരിക്കയുടെ ആഭ്യന്തരരഹസ്യങ്ങള്‍ ഈ സ്‌നോഡന്‍ ലോകമാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നതാണത്.


വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ഭീകരാക്രമണത്തിനുശേഷം അമേരിക്ക സുരക്ഷ കര്‍ശനമാക്കിയി രിക്കുകയാണ്. അതിന്റെ ഭാഗമായി വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പല സംവിധാനങ്ങളും തയാറാക്കിയിട്ടുമുണ്ട്. തങ്ങളുടെ രാജ്യത്തിനുള്ളിലെ വിവരശേഖരണം കൂടാതെ ലോകത്തിലെ പല രാജ്യങ്ങളുടെയും രഹസ്യങ്ങള്‍ അവരുടെ കമ്പ്യൂട്ടര്‍ ശൃംഖലകളില്‍നിന്നും ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളില്‍നിന്നുമൊക്കെ അമേരിക്ക ചോര്‍ത്തുന്നുണ്ടത്രേ! ഇക്കാര്യങ്ങളൊക്കെ പുറത്തുവന്നത് അടുത്തകാലത്താണ്. അതും പുറത്തറിയിച്ചതോ ഇപ്പണികള്‍ക്കൊക്കെയായി അമേരിക്ക നിയോഗിച്ചിരുന്ന ഏജന്‍സികളില്‍ പ്രവര്‍ത്തിച്ചിരുന്നവരിലൊരാളായ എഡ്‌വേഡ് സ്‌നോഡനും. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ (NSA) ടെക്‌നിക്കല്‍ കോണ്‍ട്രാക്ടറും അമേരിക്കന്‍ ചാരസംഘനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയിലെ  (CIA) ജോലിക്കാരനുമൊക്കെയായിരുന്നു ഈ സ്‌നോഡന്‍. നമ്മുടെ രാജ്യത്തിന്റെ രഹസ്യങ്ങളും ഇങ്ങനെ അതീവ രഹസ്യമായി അമേരിക്ക ചോര്‍ത്തുന്നുണ്ടായിരുന്നുവെന്നാണ് സ്‌നോഡന്റെ വെളിപ്പെടുത്തലിലൂടെ നാമറിഞ്ഞത്. ഇങ്ങനെ പല രാജ്യങ്ങളുടെയും പരമാധികാരത്തിലാണ് അമേരിക്ക കൈവച്ചിരിക്കുന്നത്. ഈ വിവരം പുറത്തുവന്നതിലൂടെ അമേരിക്കക്കുണ്ടായിരിക്കുന്ന നാണക്കേട് ചില്ലറയല്ല. അപ്പോള്‍ രാജ്യത്തെ നാണം കെടുത്തിയ സ്‌നോഡനെ അവര്‍ വെറുതെ വിടുമോ?
സംഗതി പ്രശ്‌നമായപ്പോഴേക്കും രാജ്യം വിട്ട് ഹോങ്കോംഗിലെത്തിയ സ്‌നോഡനിപ്പോള്‍ കറങ്ങിത്തിരഞ്ഞ് റഷ്യയിലെത്തിയിട്ടുള്ളതായാണ് വിവരം. ഇന്ത്യയടക്കം പല രാജ്യങ്ങളെയും അഭയം തേടി സമീപിച്ചെങ്കിലും അമേരിക്കയെ പിണക്കാന്‍ ആരും തയാറല്ല. വെനസ്വേല, ബൊളീവിയ, നിക്കരാഗ്വ തുടങ്ങിയ ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സ്‌നോഡന് അഭയം നല്‍കാന്‍ തയാറാണ്. എന്നാല്‍ അമേരിക്കയോ അമേരിക്കയോട് അനുഭാവമോ ഭയമോ ഉള്ള രാജ്യങ്ങളോ തങ്ങളുടെ വ്യോമാര്‍ത്തിയിലൂടെ പറന്നു രക്ഷപെടാന്‍ പോലും സ്‌നോഡനെ അനുവദിക്കുകയുമില്ല. ജൂണ്‍ 23 മുതല്‍ ഈ കുറിപ്പെഴുതുന്നതുവരെ റഷ്യയുടെ ഒരു എയര്‍പോര്‍ട്ടില്‍ താല്‍ക്കാലികമായി കഴിയുകയാണിയാള്‍. ഇനിയറിയേണ്ട കാര്യം, സ്‌നോഡന്‍ അമേരിക്കയുടെ കൈയിലെത്തുമോ അതോ രക്ഷകന്റെ റോളിലെത്തി ഏതെങ്കിലും രാജ്യം സ്‌നോഡന് അഭയമൊരുക്കുമോ എന്നതാണ്.
ഇവിടെ ആരാണ് കുറ്റവാളി? അമേരിക്കയുടെ കണ്ണില്‍ അവരുടെ ആഭ്യന്തരരഹസ്യങ്ങള്‍ വെളിപ്പെടുത്തി ലോകത്തിന് മുന്‍പില്‍ അവരെ പരിഹാസ്യരാക്കാന്‍ ശ്രമിച്ച സ്‌നോഡന്‍ തന്നെ കുറ്റവാളി. പ്രത്യേകിച്ചും അയാള്‍ രാജ്യം വിശ്വസിപ്പിച്ച് തന്നെയേല്‍പിച്ച ചില ദൗത്യങ്ങളാണ് പുറത്ത് പറഞ്ഞിരിക്കുന്നത് എന്നു വരുമ്പോള്‍ കുറ്റം കൂടുതല്‍ ഗുരുതരമാകുന്നു. എന്നാല്‍ സ്‌നോഡന്‍ അനുകൂലികള്‍ പറയുന്ന വാദത്തിലും കാര്യമില്ലാതില്ല. അമേരിക്ക ചെയ്തുകൊണ്ടിരുന്നതെന്താണ്! മറ്റുള്ള രാജ്യങ്ങളുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ ആഭ്യന്തര കാര്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരുന്നു അവര്‍. ഇത് ന്യായീകരിക്കാവുന്നതാണോ? ഇത്തരമൊരു കാര്യം മറ്റാരെങ്കിലും അമേരിക്കയോടു ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്? അത് പുറത്തുപറയാന്‍ ധൈര്യം കണിച്ച സ്‌നോഡനെ അഭിനന്ദിക്കുകയല്ലേ വേണ്ടത്?
ചോദ്യങ്ങള്‍ ചോദിക്കപ്പെട്ടുകൊണ്ടിരിക്കും. ലോക പൊലീസായി സ്വയം ചമയുന്ന അമേരിക്കക്കെതിരെയാകുമ്പോള്‍ എല്ലാത്തിനും ഉത്തരങ്ങളുണ്ടാവണമെന്ന് നിര്‍ബന്ധിച്ചിട്ടു കാര്യമില്ല. നിങ്ങളും ചിന്തിക്കൂ... ആരാണ് കുറ്റവാളി?

No comments:

Post a Comment

Top News

Labour India